10:57pm 16 September 2026
NEWS
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരെ വധിക്കാൻ ശ്രമം; ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർക്ക് അഞ്ച് വർഷം കഠിനതടവ്
31/07/2026  02:40 PM IST
nila
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരെ വധിക്കാൻ ശ്രമം; ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർക്ക് അഞ്ച് വർഷം കഠിനതടവ്

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ സലാമിനെയും ശശിധരനെയും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും കോടതി വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം രണ്ട് മാസം അധിക തടവും അനുഭവിക്കേണ്ടിവരും. ഗീതാനന്ദൻ, ബിനു, രമേശൻ കൊയ്യാലിപ്പുര, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, ഗൂഢാലോചന, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്.

ഒന്നാം, മൂന്നാം, അഞ്ചാം, പതിനൊന്നാം പ്രതികൾക്കെതിരെ വിവിധ കുറ്റങ്ങൾക്കായി ആകെ 19 വർഷം കഠിനതടവും ഏഴ് മാസം തടവും പിഴയും കോടതി വിധിച്ചെങ്കിലും, എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ച് വർഷം കഠിനതടവ് മാത്രം അനുഭവിച്ചാൽ മതിയാകും.

അതേസമയം, മുത്തങ്ങ സമരത്തിനിടെ പോലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചന തെളിയിക്കാൻ അന്വേഷണ സംഘത്തിനായില്ലെന്ന് കോടതി വിലയിരുത്തി. ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് ആ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി.

കേസിൽ മരിച്ച പോലീസുകാരൻ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും, പരിക്കേറ്റ അബ്ദുൽ സലാമിന് മൂന്ന് ലക്ഷം രൂപയും, ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകാൻ കോടതി ശുപാർശയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img